Monday, August 11, 2008

ലിസും ജ്യോതിസ് പ്രോജക്റ്റും പിന്നെ സര്‍വൈശ്വര്യ പൂജയും

പി.വി . ചാക്കോ എന്ന ചാര്‍ടേഡ് അക്കൌണ്ടന്റിന്റെ ചെറിയ ബുദ്ധിയില്‍ ഉദിച്ച ആദ്യത്തെ വലിയ ആശയം ആണത്രേ ലിസ് ദീപസ്തംഭം പ്രൊജക്റ്റ്‌ എന്ന മണി ചെയിന്‍ പദ്ധതി. എന്തായാലും ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി. രണ്ടാമൂഴത്തില്‍ പേര് ഒന്നു മാറി: ജ്യോതിസ് പ്രൊജക്റ്റ്‌. ബുദ്ധിയെക്കാള്‍ ഏറെ പണം കൈവശമുള്ള മല്ലു മഹാത്മാക്കള്‍ തങ്ങളുടെ കണ്കണ്ട ദൈവം ആയ ചാക്കോ സാറിനെ വീണ്ടും തുണച്ചു. ബുദ്ധി രാക്ഷസനായ ചാക്കോ സാര്‍ ആവട്ടെ ആയിരങ്ങള്‍ തന്നില്‍ അര്‍പിച്ച വിശ്വാസം അവരെ രക്ഷിച്ചു കൊള്ളും എന്നു കരുതി കൈയും കെട്ടി ഇരിക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. അങ്ങ് ദില്ലിയില്‍ വരെ പോയി സുപ്രീം കോടതിയിലെ സൂപ്പര്‍സ്റ്റാര്‍ വക്കീലന്മാരെ ഏര്‍പാടാക്കി (കുറെ കോടികള്‍ മുടിച്ചു എന്ന് ശത്രുക്കള്‍ പറയും). കേരള പോലീസ് വീണ്ടും ബുദ്ധിമോശം കാട്ടാതിരിക്കാനും ലിസിനെതിരെ വീണ്ടും ഒരു ഉല്‍സാഹക്കമ്മിറ്റി ആരും രൂപീകരിക്കാതിരിക്കാനും ദേശാഭിമാനി യിലെ ആസ്ഥാന മൂര്‍ത്തികള്‍ക്ക് വെറ്റില അടയ്ക്ക (ഒപ്പം ഒരു കോടി രൂപ കാണിക്കയും) സമര്‍പ്പിച്ചു സംപ്രീതരാക്കി. ഫല സിദ്ധി തീര്‍ച്ച എന്ന് കരുതിയാണു പോലും പാവം ചാക്കോ സാര്‍ ഇങ്ങനെ പണം വാരി എറിഞ്ഞത്. കേസ് തോറ്റെന്നു കരുതി വക്കീല്‍ പണം തിരികെ കൊടുക്കില്ല എന്നത് പുതിയൊരു അറിവായിരുന്നെന്കിലും അംഗീകരിക്കാനുള്ള സൌമനസ്യം ചാക്കോ സാറിന് ഉണ്ടായിരുന്നു. പിന്നെ അവശേഷിച്ചത് ദേശാഭിമാനിയിലെ ഭണ്ഡാരത്തില്‍ വീണ ഒരു കോടി രൂപ.

കാത്തിരുന്നു മടുത്തപ്പോള്‍ പാര്‍ടി നേതാക്കളെ തന്റെ ഇണ്ടല്‍ അറിയിച്ചു കൊണ്ടൊരു നിവേദനക്കത്ത് അയച്ചു നമ്മുടെ കഥാനായകന്‍. അത് കണ്ണില്‍പെട്ട അച്ചുമ്മാന്‍ വിഭാഗം ഉടന്‍ തന്നെ ബൂര്‍ഷ്വാ പത്രങ്ങള്‍ക്കു വാര്‍ത്ത ചോര്‍ത്തി. അച്ചു നിരന്നപ്പോള്‍ വാര്‍ത്ത ഇങ്ങനെ: 'കോഴ നല്കിയ ഒരു കോടി രൂപ ലിസ് ചെയര്‍മാന്‍ തിരികെ ചോദിച്ചു' തുടര്‍ന്നൊരു അന്വേഷണ പ്രഹസനം, സര്കാര് വഹ. അന്വേഷണത്തിനു നിയോഗിച്ചതവട്ടെ സന്തോഷ് മാധവന്റെ കറതീര്‍ന്ന ഭക്തനായ സാം ക്രിസ്റ്റി ഡാനിയേലിനെയും. ഏറെക്കാലം മുന്‍പൊരിക്കല്‍ ലിസിന്‍റെ ഗുണഗണങ്ങള്‍ വാഴ്ത്തി ഒരു നീണ്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു കയ്യടി വാങ്ങിയ ആളാണ് ഇദ്ദേഹം എന്നതും ഇവിടെ പ്രസ്താവ്യം.

വാര്ത്ത ഏതാണ്ട് രണ്ടാഴ്ചക്കാലം മലയാള പത്രങ്ങള്‍ ആഘോഷമായി കൊണ്ടാടി. ചാക്കോ സാറിന്റെ കഷ്ടകാലത്തിനു വാര്‍ത്തയ്ക്ക് ക്ഷാമമുള്ള കാലമായിരുന്നു അത്. പോരാഞ്ഞു സാന്റിയാഗോ മര്‍തിന്റെ രണ്ടു കോടി കോഴയ്ക്കൊപ്പം ഒരു നുകതിലാണ് ലിസിന്‍റെ ഒരു കോടിക്കോഴയും കൂട്ടിക്കെട്ടിയത്. ചാക്കോ സാറിന്റെ കുശാഗ്ര ബുദ്ധി ഈ സംഭവത്തില്‍ ദര്‍ശിക്കാം എന്നാണ് സാറിന്റെ ആരാധകര്‍ അക്കാലത്ത് പറഞ്ഞുനടന്നത്. യുക്തി ഇങ്ങനെ: സാന്റിയാഗോ മാര്‍ട്ടിന്‍ രണ്ടു കോടി മുടക്കി നേടിയ പബ്ലിസിറ്റി വെറും ഒരു കോടി മുടക്കി ചാക്കോ സാര്‍ നേടി. എന്തായാലും പരാതി നല്‍കാത്ത സാന്റിയാഗോ മാര്‍ടിനെ തേടിപ്പിടിച്ചു രണ്ടുകോടിതിരികെ നല്കിയ ദേശാഭിമാനി ആവലാതി പറഞ്ഞു കത്തയച്ച ചാക്കോ സാറിന് ഒരു നയാ പൈസ പോലും നല്‍കിയില്ല. എന്തോ പോയ അണ്ണാനെപ്പോലെ ഇതൊക്കെ കണ്ടിക്കാന്‍ മാത്രമെ ചാക്കോ സാറിന് കഴിഞ്ഞുള്ളു. ഒടുവില്‍ ചാക്കോ സാര്‍ മൌനം വെടിഞ്ഞു പുറത്തുവന്നപ്പോള്‍ ഉരചെയ്തത് താന്‍ ആര്ക്കും പണം നല്‍കിയിട്ടില്ല എന്ന് മാത്രമല്ല അതേപ്പറ്റി ആര്ക്കും പരാതി നല്‍കിയിട്ടുമില്ല എന്നത്രേ (നല്‍കാത്ത പണം തിരികെ ചോദിയ്ക്കാന്‍ തക്കവിധം വിവരം കെട്ടവനല്ല താനെന്നു മാലോകരേ ബോധ്യപ്പെടുത്തേണ്ടത് ചാക്കോ സാറിന്റെ ഭരണഘടനാനുസൃതമായ അവകാശം എന്നത് സമ്മതിച്ചേ മതിയാകൂ).

അപ്പോള്‍ സ്കോര്‍ സ്വാഭാവികമായും കൊടുത്തത് പൂജ്യം വാങ്ങിയത് പൂജ്യം എന്ന് രേഖപ്പെടുത്തി പോലിസ് കളി അവസാനിപ്പിച്ചതില്‍ തെറ്റില്ല. കാണികളായ ജനം പിരിഞ്ഞു പോയപ്പോള്‍ ഇടതു ജനാധിപത്യ മുന്നണി ടീമിലെയും വലതു ജനാധിപത്യ മുന്നണി ടീമിലെയും കോച്ച്, മാനേജര്‍, കളിക്കാര്‍ മുതല്പേരെയെല്ലാം കണ്ടു കളിതുടര്‍ന്നും നടത്താന്‍ തന്നെ അനുവദിക്കണമെന്നു ചാക്കോ സാര്‍ താണുകേണു പറഞ്ഞു. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയാന്‍ പാടില്ലെന്നും മറ്റുമുള്ള പഴഞ്ചന്‍ യുക്തികള്‍ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ബോധ്യപ്പെടുത്തി ഇടതു നേതാക്കള്‍ ചാക്കോയെ യാത്രയാക്കി.

അടുത്ത കത്ത് തങ്ങളുടെ നേരെയാകുമെന്ന് ഭയന്ന വലതു നേതാക്കളാകട്ടെ ചാക്കോ സാറിനെ തങ്ങളുടെ പടികടക്കാന്‍ പോലും അനുവദിച്ചില്ല. അങ്ങനെ ഇടതും വലതും മാറിമാറി തട്ടിത്തെറിപ്പിച്ചപ്പോഴാണ് ചാക്കോ സാര്‍ താനൊരു കാറ്റുപോയ കാല്‍പന്തു മാത്രമായ കാര്യം മനസ്സിലാക്കുന്നത്.

ഇപ്പോള്‍ കളി മകന്‍ കുരിയച്ചന്‍ ചാക്കോയുടെ കൈയിലാണത്രേ. എങ്കിലും ബുദ്ധി കേന്ദ്രം ഇപ്പോഴും ചാക്കോ സാര്‍ തന്നെ.

2007 ഒക്ടോബര്‍ മാസം തുടങ്ങിയ സര്‍വൈശ്വര്യ സര്‍വീസ് എന്തിയും വലിഞ്ഞും മുന്നോട്ടു പോകുന്നു. അതെക്കുറിച്ച് പിന്നീടൊരിക്കല്‍.

No comments: