Monday, August 11, 2008

ചാക്കോ v ചാക്കോ

ലിസ് ദീപസ്തംഭം തുടങ്ങി രണ്ടു വര്‍ഷം ആയപ്പോഴേക്കും പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചു തുടങ്ങി. അസൂയാലുക്കള്‍ കോടതിയെ സമീപിക്കാന്‍ സാധ്യത ഉണ്ടെന്നു മുന്‍കൂട്ടി കണ്ട ചാക്കോ സാര്‍ അതിന് തക്ക പ്രതിവിധിയും കണ്ടെത്തി. ലിസിനെതിരെ ഒരു കേസ്, സ്വന്തം ചെലവില്‍ (തന്നെ തന്നെ, വായിച്ചത് ശരി തന്നെ). അതിനായി ഒരു പ്രൊഫഷണല്‍ വ്യവഹാരിയെയും ഏര്‍പാടാക്കി. വളരെ ദുര്‍ബലമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു പരാതിയിന്മേല്‍ കോടതി പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ സ്വാഭാവികമായും സ്ഥലം സീ ഐയുടെ മേല്‍നോട്ടത്തില്‍ എസ് ഐ അവര്‍കളാണ് അന്വേഷണം നടത്തിയത്. തലയെവിടെ വാലെവിടെ എന്ന് തിരിച്ചറിയാനാവാത്ത വിധത്തില്‍ കിടക്കുന്ന ഒരു പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തനവും മനസ്സിലാക്കി ക്രമക്കേടുകള്‍ കണ്ടെത്താനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാല്‍ ആ അറിവ് സ്വായത്തമാക്കുവാന്‍ എസ് ഐ അധ്യേം ചാക്കോ സാറിന് ശിഷ്യപ്പെട്ടു. ശിഷ്യനില്‍ സംപ്രീതനായ ചാക്കോ സാര്‍ കോടതിയില്‍ അവതരിപ്പിക്കുവാനുള്ള പ്രബന്ധം രചിക്കേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ കൂടി ക്ലാസ്സെടുത്തേ എസ് ഐയെ യാത്രയാക്കിയുള്ളൂ (ഉപരിപഠനതിനുള്ള സ്കോളര്‍ഷിപിനും ഇദ്ദേഹം അര്‍ഹനായെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ).

ഇനി അഥവാ എസ് ഐ പ്രഭ്രുതികള്‍ കുറ്റമറ്റ അന്വേഷണം നടത്തി എന്ന് തന്നെയിരിക്കട്ടെ, കോടതിക്കെന്തു ചെയ്യാനാവും? ആരോപണം അത്തരത്തില്‍ ഒന്നായിരുന്നു. ലിസ് സമൂഹത്തിനും സമ്പദ്ഘടനയ്ക്കും സര്‍വോപരി സര്‍ക്കാര്‍ ഖജനാവിനും ചെയ്യുന്ന ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഉപന്യാസം എസ് ഐയാല്‍ വിരചിതമാകയും അതിന്മേല്‍ ലിസിനെതിരെയുള്ള കേസ് തള്ളുകയുമായപ്പോള്‍ സംവിധായകനായ ചാക്കോയ്ക്കും പരാതിക്കാരനും ലിസിന്‍റെ പരസ്യം പറ്റുന്ന പത്രങ്ങള്‍ക്കും ഒക്കെ സന്തോഷം.

പിന്നീടങ്ങോട്ട് ഈ കോടതി ഉത്തരവ് ഒരു പരിചയാക്കിക്കൊണ്ടുള്ള പയറ്റായിരുന്നു ചാക്കോയുടേത്- 2006 മേയ് മാസം ഐ ജി സെന്‍ കുമാര്‍ റെയ്‌ഡ് ചെയ്യുന്നത് വരെ.

1 comment:

കുഞ്ഞന്‍ said...

നിയമ ദേവതയുടെ കണ്ണുകെട്ടിയിട്ടുണ്ടല്ലൊ, ഇതൊന്നും കാണാതിരിക്കാനായിരിക്കും..!

ഇപ്പോള്‍ പത്രക്കാര്‍ ഇതൊക്കെ മറന്നു, പത്ര ധര്‍മ്മം ഒന്നൊ രണ്ടൊ ആഴ്ചക്കു മാത്രം..!